സംരംഭകർക്ക് 4% പലിശയ്ക്ക് വായ്‌പ

Friday 24 June 2022 3:08 AM IST

 ബാങ്കുകളുമായി ചർച്ച നടത്തി മന്ത്രി പി.രാജീവ്

തിരുവനന്തപുരം: സംരംഭകർക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്‌പ ലഭ്യമാക്കാനായി ബാങ്കുകളുമായി ചർച്ച നടത്തി മന്ത്രി പി.രാജീവ്. പ്രതിവർഷം ഒരുലക്ഷം പുതിയ സംരംഭകരെ സൃഷ്‌ടിക്കുകയെന്ന സർക്കാർ പദ്ധതിയുടെ വിജയം ലക്ഷ്യമിട്ടാണിത്.

സർക്കാരിന്റെ 'സംരംഭകവർഷം പദ്ധതി"യുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രത്യേക വായ്പാപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ബാങ്ക് പ്രതിനിധികൾ പറഞ്ഞു. നാലുശതമാനം നിരക്കിൽ പലിശ നൽകുമ്പോഴുള്ള ബാങ്കുകളുടെ നഷ്ടം നികത്താൻ സർക്കാർ സഹായിക്കുമെന്ന് മന്ത്രിയും വ്യക്തമാക്കി.

സംരംഭകരുടെ രജിസ്ട്രേഷനായി തയ്യാറാക്കിയ പോർട്ടലിലെ വിവരങ്ങൾ ബാങ്കുകൾക്കും വ്യവസായവകുപ്പ് ലഭ്യമാക്കും. പദ്ധതിയുടെ പ്രചാരണത്തിനും ബോധവത്കരണത്തിനുമായി ജില്ലാതലത്തിൽ കളക്ടർമാർ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. കുറഞ്ഞസമയത്തിനകം നടപടികൾ പൂർത്തിയാക്കി വായ്പകൾ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

പദ്ധതിയിൽ സഹ.ബാങ്കുകളും

സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്‌പ ലഭ്യമാക്കാനുള്ള പദ്ധതി നടപ്പാക്കാൻ സഹകരണ ബാങ്കുകൾക്കുള്ള സാങ്കേതിക പരിമിതി മറികടക്കാൻ പ്രത്യേക ചർച്ച നടത്തി നടപടികളെടുക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Advertisement
Advertisement